ചാലക്കുടി: നഗരസഭ ആര്യങ്കാല പത്താംവാർഡിൽ മത്സരം കോൺഗ്രസും യുഡിഎഫും തമ്മിൽ. കഴിഞ്ഞ നഗരസഭ തെരഞ്ഞെടുപ്പിൽ മുസ്ലിംലീഗിലെ ജോജി കാട്ടാളനാണ് ഇവിടെനിന്നു വിജയിച്ചത്.
ഈ വാർഡിൽ കോൺഗ്രസ് ലിബി ഷാജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. എന്നാൽ മുസ്ലിം ലീഗ് ഇവിടെ ജോജിയുടെ ഭാര്യ ലിജിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇതോടെ തർക്കം മുറുകി. മുസ്ലിംലീഗ് സംസ്ഥാന നേതാക്കൾവരെ ഇടപെട്ടതിനെ തുടർന്ന് സീറ്റ് മുസ്ലിംലീഗിനുതന്നെ നൽകി. എന്നാൽ ലിബി ഷാജി പിന്മാറിയില്ല. ലിബിയെ കോൺഗ്രസിൽനിന്നു പുറത്താക്കിയെങ്കിലും കോൺഗ്രസ് പ്രവർത്തകർ ലിബി ഷാജിക്കു വേണ്ടിയാണ് പ്രചാരണം നടത്തുന്നത്. കോൺഗ്രസ് പതാകയുമായിട്ടാണ് പ്രവർത്തകർ വീടുകൾ കയറിയിറങ്ങി പ്രചാരണം നടത്തുന്നത്.
നിലവിലെ കൗൺസിലറായ ലിബി ഷാജിയുടെ വാർഡിന്റെ ഒരുഭാഗം വാർഡ് പുനർവിഭജനം നടത്തിയപ്പോൾ ആര്യങ്കാലവാർഡിൽ ലയിച്ചു. ഇതോടെയാണ് ലിബി ഷാജിയെ ഇവിടെ കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. ലിജി ജോജിയും പ്രചാരണരംഗത്ത് സജീവമാണ്.
യുഡിഎഫിന്റെ സ്ഥാനാർഥിയായി ലിജി ജോജിയും കോൺഗ്രസിന്റെ പേരിൽ ലിബി ഷാജിയും വോട്ടുതേടുന്ന കാഴ്ചയാണിവിടെ.